Tuesday, April 12, 2011

അമ്മ;ഒരോര്‍മ

ലാല്‍; ആലാ


ഇളം കാറ്റു് മരവിച്ച മനസ്സിലേ-
ക്കിളനീരു പെയ്യുന്നുവെങ്കിലു-
'മരുതാത്തതുണ്ണി നീ കാട്ടി'യെന്നമ്മ തന്‍ വചനം
മനസ്സിന്‍ മതിലില്‍
വിള്ളലായ്‌........... വിങ്ങലായ്...............
വിറ പൂണ്ടോരോര്‍മയാണിപ്പോഴും!

ഈ മാറിലമൃതുണ്ടുറങ്ങി ഞാന്‍!
മുലനീരിലിറ്റിച്ച പഴമ്പാട്ടുമുണ്ടു ഞാന്‍.

മൗനത്തിന്റെ വേരുകള്‍ പൊട്ടുന്നു...........
ഒരു ദു:ഖം കട പുഴകുന്നു............

ഇനി മാപ്പിരക്കാം,
ഓര്‍മ തന്‍ പഴന്താളുകളില്‍ പൊടി തുടയ്ക്കാം.

തെളിയുന്നതെല്ലാമമ്മ തന്‍ ചിരിയിലെ ചിത്രങ്ങള്‍ മാത്രം!

കനിവോലും ശാസനകള്‍.............
നേര്‍ത്ത കാര്‍ക്കശ്യങ്ങളും...........
'കന്നം തിരിവുകള്‍' കാട്ടിയെന്നാകില്‍
നെഞ്ഞകത്തൊരു തേന്‍കുടം
പൂഴ്ത്തി വച്ചെന്നെ ശകാരം
പുതപ്പിയ്ക്കുമമ്മയുമോര്‍മയില്‍.............

മധുരതരങ്ങളാമെത്ര വര്‍ണങ്ങള്‍
വെൺ താരകങ്ങളെപ്പോല്‍
മുകില്‍ ചീന്തിക്കടക്കുന്നതിപ്പോഴുമെന്‍ മനോ-
മുകുരത്തിലേക്കെന്നറിയാതെ ഞാന്‍...........

ഒടുവിലിന്ന്‍,
അച്ഛന്റെ പട്ടടയ്ക്കു മുന്നി-
ലവസാന നിശാസവുമൊടുങ്ങിയാ
നേര്‍ത്ത തേങ്ങലുകള്‍
മന്ദസ്മിതങ്ങളായ് മാഞ്ഞൂ................!

പിന്നെ,
പഴമക്കാര്‍ക്കിടയിലെ പതിവുകള്‍..........
കോടിമുണ്ടുകള്‍.......... മന്ത്രധ്വനികള്‍............
ഒപ്പ,മെരിയുന്ന ചിതയില്‍ നിന്നൊരു
തീപ്പൊരിയെന്‍ നെഞ്ചിലേക്ക്..............!

ഗന്ധം നഷ്ടപ്പെട്ട പുകയിലൂടാരേ വന്നുപോവുന്നൂ............
സാന്ത്വനം പൊഴിയ്ക്കുന്നൂ...........
സഹതാപമിഴികളില്‍ ദൈന്യത
വാരിപ്പുരട്ടിയിട്ടന്യമാവുന്നൂ...............

ക്ഷമ തന്‍ നെല്ലിപ്പലകമേലിനിയെത്ര നാള്‍?!

മുത്തശ്ശി തന്നാര്‍ദ്രത മുറ്റിയ വിതുമ്പലുകള്‍
വിണ്ട മൺഭിത്തികളില്‍ ചിലമ്പിയ്ക്കുന്നൂ............

മൗനമായ്, നനഞ്ഞു, കോര്‍ത്ത പീലികളിറുക്കി ഞാന്‍ നില്‍ക്കവേ;
മൂകമീ സന്ധ്യയുമിരുളിന്നൊതുക്കുകളിറങ്ങവേ;
ഒടുവിലെ പക്ഷിയും ചേക്കേറിക്കഴിയവേ;
വാനിലൊരു വെണ്‍ നക്ഷത്രമായുയര്‍ന്നമ്മ
മിഴി ചിമ്മിയെന്നോടുമൊഴിയുന്നൂ:

"നീ നിന്റെ ചിറകുകള്‍ വീശിപ്പറക്കുക,
കാണട്ടെ ഞാനെന്റെ കണ്‍കുളിര്‍ക്കേ."

ചിറകു നീര്‍ത്തുവാനാവാതെയിടറി
വീഴുന്ന കുഞ്ഞുപക്ഷിയായ് ഞാന്‍...........!



സമര്‍പ്പണം:

അമ്മമാര്‍ ഉറങ്ങുന്നില്ലെന്നു കഥ പറഞ്ഞുതന്ന അര്‍ഷാദ് ബത്തേരിയ്ക്ക്;
'നീര്‍മാതളത്തിന്റെ' മണം പകര്‍ന്നു കടന്നുപോയ കമലാ സുരയ്യയ്ക്ക്;
അകാലത്തില്‍ പൊലിഞ്ഞ അനില്‍കൃഷ്ണലാല്‍, ആലായ്ക്കും,
പിന്നെ, എന്റെ 'അമാവാസി'യ്ക്കും!




1 comment:

  1. കവിത നന്നായിട്ടുണ്ട്,,,,,,,,,,,
    അമ്മ... പകരം വെക്കാനാവാത്ത സുകൃത ജന്മം.

    ReplyDelete