Saturday, April 9, 2011

നിഷാദം

ലാല്‍; ആലാ


നിര്‍ലജ്ജം നിന്നില്‍ പതിയ്ക്കുമെ-
ന്നാര്‍ത്തി പുരണ്ടതാം നേത്രങ്ങളില്‍
നിന്‍ സംഭീത; ശൈശവ,നയനങ്ങ,ളവയെ-
ന്നിലഹന്ത തന്‍ കൊലച്ചിരി വിരിയ്ക്കുന്നു!

വേപഥു പൂണ്ടു മരുവുന്നു നീയെന്‍
മലീമസമാം മനസ്സിന്‍ മട്ടുപ്പാവില്‍;
വേട്ടമാനിന്‍ ഹൃദയമിടിപ്പല്ലോ
നിറയുന്നതെന്‍ കാതുകളിലിമ്പമായ്!

എന്തിനെനിയ്ക്കിന്നു നിന്‍ ഹൃത്തിലിടം?!
എനിയ്ക്കു ഹിതം നിന്‍ തളിരുടല്‍ മാത്രം.

ചൂഴും മിഴികളാലാഴമളന്നുവോ
നീയെന്നുള്ളിലെ കാമനയെ;
പാതികൂമ്പും നിന്നിമക്കോണിലിറ്റും
തുള്ളിയില്‍ കാണ്മൂ ഞാനെന്‍ പ്രതിരൂപം.

നീയെന്‍ കരുത്തിലമര്‍ന്നു-
ഞെരിയുമ്പോഴും; ഞരമ്പുകള്‍
മുറുകി ഞരങ്ങുമ്പോഴുമെന്‍
കുതിപ്പിന്‍ വേഗത്തിലാന്ദിച്ചിരുന്നു ഞാന്‍!

ചതഞ്ഞ പൂവായ്,
വെൺ പിറാവിന്‍ പിടച്ചിലായ്,
തട്ടി വീണുടഞ്ഞോരു മൺവിളക്കായെന്‍ കാല്‍-
ചോട്ടില്‍ ചേതനയറ്റു നീ വീണടിയവേ;
നിന്‍ മേനിയിലിളംചൂടു നുകര്‍ന്നു-
മതി വരാതുള്ളിലെയഴുക്കുചാല്‍-
ഗന്ധം വമിയ്ക്കും ഗലികളിലടുത്തിര-
യാരെന്നൊരേ ചോദ്യമുതിരുന്നൂ!



സമര്‍പ്പണം:

മോഹിതവലയങ്ങളിലകപ്പെട്ടു ചിറകുകള്‍ കരിഞ്ഞുപോയ ഒരായിരം സൂര്യപുത്രിമാര്‍ക്ക്.





No comments:

Post a Comment