Thursday, December 24, 2020

 അമ്മ: അറിവ്

*******************



അമ്മ പറഞ്ഞതുമറിവല്ലോ  

അറിവിന്നുറവയുമാത്മാവ് 

അറിവിൻ നിറവാമമക്ഷരമേതും 

വിസ്മരിച്ചിടിനാവതില്ലാ   


പകരുകിലേറിടുമറിവല്ലോ 

പൊരുളായമ്മ കനിഞ്ഞതുമേ

പല കുറിയോതിയരുളീടിൽ 

പല നാളായിയുരുവിട്ടും 


നന്മ ചൊരിഞ്ഞു വളർന്നീടാ-

നറിവിൻ കാതലുറഞ്ഞീടാൻ 

ചിത്തമതാദ്യമൊരുങ്ങേണം  

ചിന്തയിലന്ത്യവുമെത്തേണം 


അന്തരമേതില്ലറിയേണം 

അന്തി വെളുക്കെയുമുണരേണം 

നിനവുകൾ കിനിയും ഖനിയതിൽ 

കനവുകൾ തേടിയലഞ്ഞീടിൽ 

നേടാനാവും നവലോകമതിൽ 

സാഹോദര്യം വിളയാടും 

മാനവകുല നിലനില്പല്ലോ 

അറിവുകൾ തേടിയലയും യാത്ര 


അറിവിലുമേറിയറിഞ്ഞീടിൽ 

അറിവും തിരുമുറിവാകരുതേ 

അറിയും തോറുമകലും നിഴലുകൾ 

ഇരുളുകളോടി മറഞ്ഞീടും 




Sunday, July 17, 2011

ഗുരു‏

ലാല്‍;ആലാ

lalala.usa.reach@gmail.com

നാരായണ പ്രഭ്വോ,
നമിയ്ക്കയാണു ഞാന്‍
നിന്‍ ചരണങ്ങളില്‍
നിന്നൂര്‍ന്നതാമീ മൺതരികളെയും.

നാവിനൊരെല്ലു നീ തന്നൂ
നാഴൂരി മണ്ണും, നാലതിരുമുടയാതെയും..!

അനാചാരങ്ങള്‍ തന്‍ കോട്ടകള്‍-
തകര്‍ത്തു മുന്നേറി നീ
ബോധ വാതായനങ്ങള്‍
മലര്‍ക്കെ തുറക്കുകില്‍....

നാനാ ജനത്തിനും നാഥനായ്;
നവീനമാം ദര്‍ശനമരുളിയുമിരുള്‍
നീങ്ങുവാനുള്ളില്‍ വിദ്യ തന്‍ പൊരുള്‍
നിറച്ചുറച്ചുന്നത മാനവനാകുവാന്‍....
നിനവിലും നിദ്രയില്‍ പോലും
നിന്നാത്മ പ്രഭാകിരണമുള്ളിലുണ്ടാവണം.

നാവിലൊരു 'നാരായവര'യുമരുളീടണം.......

'നാളികേര സമാധി'യെന്നൊരു പറ്റം!
നാവില്‍ നിന്നെക്കുറിച്ചൊക്കെയും-
വിഷം വച്ച വാക്കുകള്‍ നിറച്ചവരൊരു
വഴി,യെന്റെ നാരായണക്കിളിക്കി രിയ്ക്കു-
വാനിവിടിന്നു കരിയുന്ന ചില്ലകള്‍............!




Sunday, April 17, 2011

ബാല്യത്തിലേക്ക് മെല്ലെ തിരിഞ്ഞു നടക്കവേ.....

ലാല്‍;ആലാ

lalala.usa.reach@gmail.com

നാട്ടുമാവിന്‍ ചോട്ടില്‍ നേര്‍ത്ത-
കരിയിലക്കിലുക്കത്തിനായ്
കാത്തിരിക്കുന്നോരായിരം
കാതുകളിലൊന്നായി മാറുവാന്‍...............

തൂക്കണാം കുരുവിക്കൂട്ടിലൊന്നൂളിയിട്ടാറാട്ടു-
വഴിയിലാനന്ദമായ് മുങ്ങിനിവര്‍ന്നീടാന്‍................

മൂത്ത ചേച്ചിതന്‍ വിരല്‍തുമ്പിലൂയലാടി
'ഭഗോതി'ക്കാവില്‍ തൊഴുതു മടങ്ങുവാന്‍.............
മുക്കുറ്റിപ്പൂ പറിച്ചത്തക്കളമൊരുക്കിയാ-
മന്നനെയെതിരേറ്റുത്സവമേളങ്ങളാടീടാന്‍.............

മുത്തശ്ശി'മുതുക്കി' തന്‍ മുറുക്കിച്ചുവപ്പിച്ച തുപ്പലിന്നൊപ്പ-
മൊലിച്ചു വീഴുന്ന വാക്കുകള്‍ക്കായിനി കാതോത്തിരിയ്ക്കാന്‍-
കൊതിയ്ക്കും മനസ്സിനും, കൊച്ചുമക്കള്‍ തന്‍-
ശരമാരിയായെത്തും ചോദ്യങ്ങള്‍ക്കിടയിലും;
മുപ്പാരിനുടമയായീടിലും മൂന്നടിയിരന്നോ-
രീശനെ ഭജിപ്പൂ ഞാന്‍ ശിഷ്ടകാലം.





Tuesday, April 12, 2011

അമ്മ; ഒരുമ്മ!

ലാല്‍; ആലാ


നല്ലെണ്ണ നിത്യവുമുച്ചിയില്‍ പൊത്തേണം,
നല്ലോണം കാഴ്ചകള്‍ കണ്ടു നീയെത്തേണം.
എള്ളോളമെങ്കിലും, നുള്ളിപ്പെറുക്കേണം;
എരിതീയായ് വാക്കുകള്‍ നെഞ്ചില്‍ വീണമരേണം.

മുള്ളുകള്‍ പാതയില്‍ കണ്ടു നീ നീങ്ങേണം,
പിടിവള്ളിയായെന്നും പ്രാര്‍ത്ഥന കരുതീടണം.
എന്നുമേ ജീവനില്‍ കൈത്തിരിയായി നീ-
യീശനെ തന്നെ തുണയ്ക്കായ്‌ വിളിയ്ക്കേണം.

അമ്മിഞ്ഞപ്പാലിന്‍ നറുമണം ചോരിലും,
രാമജപം മുറ തെറ്റാതെ പുലരേണം.
ശത്രുവെപ്പോലും മിത്രമായ് കാണ്മാന്‍-
കെല്പുണ്ടാകയാല്‍ ബന്ധുജനങ്ങളുലകിലെന്നും.

പാരില്‍ പൊതുജനം പലവിധമെങ്കിലു-
മെല്ലാരുമൊന്നെന്നകതാരില്‍ കരുതീടണം.
'ഗുരു'വാക്യമോര്‍ത്തു നീ മുന്നേറുകിലെന്നാ-
ലുന്നതി നിനക്കെന്നും നാള്‍ക്കുനാളേറിടും.

നാടായ നാടൊക്കെ ചുറ്റിവന്നീടിലും,
നാട്ടുമര്യാദകള്‍ പാലിച്ചുപോരില്‍ നീ-
നാട്ടുകാര്‍ക്കൊക്കേയുമഭിമാനഭാജനം;
നാവില്‍ തുളുമ്പുന്ന നന്മയായീടട്ടേയെന്നുമ്മ.

മധുരം വിളയും നാവിനാല്‍ മൊഴിയും
മന്ത്രങ്ങളാവട്ടേയമ്മയ്ക്കു നിന്‍ കാണിയ്ക്ക;
മറ്റുള്ളോര്‍ക്കൊക്കേയുമുതവും പ്രവൃത്തിയാല്‍-
മാതൃകയാവട്ടേ മാതൃവാത്സല്യത്തിന്‍ പ്രതിഫലം.

സമര്‍പ്പണം:

പിറവി കൊണ്ടുടന്‍ തന്നെ 'അമ്മത്തൊട്ടിലുകളില്‍' ഉപേക്ഷിയ്ക്കപ്പെട്ടു അന്യകരങ്ങളില്‍ വളരേണ്ടിവരുന്ന അനാഥബാല്യങ്ങള്‍ക്ക്.




അമ്മ;ഒരോര്‍മ

ലാല്‍; ആലാ


ഇളം കാറ്റു് മരവിച്ച മനസ്സിലേ-
ക്കിളനീരു പെയ്യുന്നുവെങ്കിലു-
'മരുതാത്തതുണ്ണി നീ കാട്ടി'യെന്നമ്മ തന്‍ വചനം
മനസ്സിന്‍ മതിലില്‍
വിള്ളലായ്‌........... വിങ്ങലായ്...............
വിറ പൂണ്ടോരോര്‍മയാണിപ്പോഴും!

ഈ മാറിലമൃതുണ്ടുറങ്ങി ഞാന്‍!
മുലനീരിലിറ്റിച്ച പഴമ്പാട്ടുമുണ്ടു ഞാന്‍.

മൗനത്തിന്റെ വേരുകള്‍ പൊട്ടുന്നു...........
ഒരു ദു:ഖം കട പുഴകുന്നു............

ഇനി മാപ്പിരക്കാം,
ഓര്‍മ തന്‍ പഴന്താളുകളില്‍ പൊടി തുടയ്ക്കാം.

തെളിയുന്നതെല്ലാമമ്മ തന്‍ ചിരിയിലെ ചിത്രങ്ങള്‍ മാത്രം!

കനിവോലും ശാസനകള്‍.............
നേര്‍ത്ത കാര്‍ക്കശ്യങ്ങളും...........
'കന്നം തിരിവുകള്‍' കാട്ടിയെന്നാകില്‍
നെഞ്ഞകത്തൊരു തേന്‍കുടം
പൂഴ്ത്തി വച്ചെന്നെ ശകാരം
പുതപ്പിയ്ക്കുമമ്മയുമോര്‍മയില്‍.............

മധുരതരങ്ങളാമെത്ര വര്‍ണങ്ങള്‍
വെൺ താരകങ്ങളെപ്പോല്‍
മുകില്‍ ചീന്തിക്കടക്കുന്നതിപ്പോഴുമെന്‍ മനോ-
മുകുരത്തിലേക്കെന്നറിയാതെ ഞാന്‍...........

ഒടുവിലിന്ന്‍,
അച്ഛന്റെ പട്ടടയ്ക്കു മുന്നി-
ലവസാന നിശാസവുമൊടുങ്ങിയാ
നേര്‍ത്ത തേങ്ങലുകള്‍
മന്ദസ്മിതങ്ങളായ് മാഞ്ഞൂ................!

പിന്നെ,
പഴമക്കാര്‍ക്കിടയിലെ പതിവുകള്‍..........
കോടിമുണ്ടുകള്‍.......... മന്ത്രധ്വനികള്‍............
ഒപ്പ,മെരിയുന്ന ചിതയില്‍ നിന്നൊരു
തീപ്പൊരിയെന്‍ നെഞ്ചിലേക്ക്..............!

ഗന്ധം നഷ്ടപ്പെട്ട പുകയിലൂടാരേ വന്നുപോവുന്നൂ............
സാന്ത്വനം പൊഴിയ്ക്കുന്നൂ...........
സഹതാപമിഴികളില്‍ ദൈന്യത
വാരിപ്പുരട്ടിയിട്ടന്യമാവുന്നൂ...............

ക്ഷമ തന്‍ നെല്ലിപ്പലകമേലിനിയെത്ര നാള്‍?!

മുത്തശ്ശി തന്നാര്‍ദ്രത മുറ്റിയ വിതുമ്പലുകള്‍
വിണ്ട മൺഭിത്തികളില്‍ ചിലമ്പിയ്ക്കുന്നൂ............

മൗനമായ്, നനഞ്ഞു, കോര്‍ത്ത പീലികളിറുക്കി ഞാന്‍ നില്‍ക്കവേ;
മൂകമീ സന്ധ്യയുമിരുളിന്നൊതുക്കുകളിറങ്ങവേ;
ഒടുവിലെ പക്ഷിയും ചേക്കേറിക്കഴിയവേ;
വാനിലൊരു വെണ്‍ നക്ഷത്രമായുയര്‍ന്നമ്മ
മിഴി ചിമ്മിയെന്നോടുമൊഴിയുന്നൂ:

"നീ നിന്റെ ചിറകുകള്‍ വീശിപ്പറക്കുക,
കാണട്ടെ ഞാനെന്റെ കണ്‍കുളിര്‍ക്കേ."

ചിറകു നീര്‍ത്തുവാനാവാതെയിടറി
വീഴുന്ന കുഞ്ഞുപക്ഷിയായ് ഞാന്‍...........!



സമര്‍പ്പണം:

അമ്മമാര്‍ ഉറങ്ങുന്നില്ലെന്നു കഥ പറഞ്ഞുതന്ന അര്‍ഷാദ് ബത്തേരിയ്ക്ക്;
'നീര്‍മാതളത്തിന്റെ' മണം പകര്‍ന്നു കടന്നുപോയ കമലാ സുരയ്യയ്ക്ക്;
അകാലത്തില്‍ പൊലിഞ്ഞ അനില്‍കൃഷ്ണലാല്‍, ആലായ്ക്കും,
പിന്നെ, എന്റെ 'അമാവാസി'യ്ക്കും!




Saturday, April 9, 2011

നിഷാദം

ലാല്‍; ആലാ


നിര്‍ലജ്ജം നിന്നില്‍ പതിയ്ക്കുമെ-
ന്നാര്‍ത്തി പുരണ്ടതാം നേത്രങ്ങളില്‍
നിന്‍ സംഭീത; ശൈശവ,നയനങ്ങ,ളവയെ-
ന്നിലഹന്ത തന്‍ കൊലച്ചിരി വിരിയ്ക്കുന്നു!

വേപഥു പൂണ്ടു മരുവുന്നു നീയെന്‍
മലീമസമാം മനസ്സിന്‍ മട്ടുപ്പാവില്‍;
വേട്ടമാനിന്‍ ഹൃദയമിടിപ്പല്ലോ
നിറയുന്നതെന്‍ കാതുകളിലിമ്പമായ്!

എന്തിനെനിയ്ക്കിന്നു നിന്‍ ഹൃത്തിലിടം?!
എനിയ്ക്കു ഹിതം നിന്‍ തളിരുടല്‍ മാത്രം.

ചൂഴും മിഴികളാലാഴമളന്നുവോ
നീയെന്നുള്ളിലെ കാമനയെ;
പാതികൂമ്പും നിന്നിമക്കോണിലിറ്റും
തുള്ളിയില്‍ കാണ്മൂ ഞാനെന്‍ പ്രതിരൂപം.

നീയെന്‍ കരുത്തിലമര്‍ന്നു-
ഞെരിയുമ്പോഴും; ഞരമ്പുകള്‍
മുറുകി ഞരങ്ങുമ്പോഴുമെന്‍
കുതിപ്പിന്‍ വേഗത്തിലാന്ദിച്ചിരുന്നു ഞാന്‍!

ചതഞ്ഞ പൂവായ്,
വെൺ പിറാവിന്‍ പിടച്ചിലായ്,
തട്ടി വീണുടഞ്ഞോരു മൺവിളക്കായെന്‍ കാല്‍-
ചോട്ടില്‍ ചേതനയറ്റു നീ വീണടിയവേ;
നിന്‍ മേനിയിലിളംചൂടു നുകര്‍ന്നു-
മതി വരാതുള്ളിലെയഴുക്കുചാല്‍-
ഗന്ധം വമിയ്ക്കും ഗലികളിലടുത്തിര-
യാരെന്നൊരേ ചോദ്യമുതിരുന്നൂ!



സമര്‍പ്പണം:

മോഹിതവലയങ്ങളിലകപ്പെട്ടു ചിറകുകള്‍ കരിഞ്ഞുപോയ ഒരായിരം സൂര്യപുത്രിമാര്‍ക്ക്.





യുദ്ധം

ലാല്‍;ആലാ

അവള്‍
അബലയായിരുന്നു.

അതുകൊണ്ടു തന്നെ
അവന്‍
അവള്‍ക്കു കീഴടങ്ങി!